ഇന്നെത്തെ പ്രധാന അപ്ഡേറ്റുകൾ: ബ്ലോഗ് സ്പെഷ്യൽ വിശകലനം
1. പരീക്ഷാ സുതാര്യതയ്ക്ക് പുതിയ കർമ്മസമിതി; കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കാൻ പുതിയ നിയമം
നീറ്റ് (NEET UG) ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കും എതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതാധികാര കർമ്മസമിതി രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു. കൂടുതൽ വിശ്വസനീയവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ പരീക്ഷാ രീതികളാണ് ലക്ഷ്യമിടുന്നത്. പരീക്ഷാ നടത്തിപ്പിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ വരുത്തുമെന്നും, വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചവർക്ക് ജയിൽ ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതികൾ വഴി വേഗത്തിലുള്ള ശിക്ഷാവിധികളും ഉറപ്പാക്കാനുള്ള പുതിയ നിയമം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2. മുൻഗണനാ റേഷൻ കാർഡുകൾ: ചരിത്രത്തിലാദ്യമായി കൂട്ടത്തോടെ അനുവദിച്ച് സംസ്ഥാന സർക്കാർ
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളുടെ ഭാഗമായി അരലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി, യോഗ്യരായ 7,324 അപേക്ഷകർക്ക് സിവിൽ സപ്ലൈസ് വകുപ്പ് ഇതിനോടകം അംഗീകാരം നൽകി. സംസ്ഥാനത്ത് ഇത്രയധികം മുൻഗണനാ കാർഡുകൾ ഒരുമിച്ച് അനുവദിക്കുന്നത് ഇതാദ്യമാണ്. ലഭിച്ച 7,638 അപേക്ഷകളിൽ നിന്ന് മാനദണ്ഡങ്ങൾ പാലിക്കാത്തവയും രേഖകളില്ലാത്തവയും ഒഴിവാക്കിയാണ് പുതിയ കാർഡുകൾ അനുവദിച്ചിരിക്കുന്നത്. അർഹരായവർക്ക് ആഗസ്റ്റ് മാസം മുതൽ പുതിയ മുൻഗണനാ കാർഡുകൾ വഴി സൗജന്യ റേഷൻ ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങും. കൂടാതെ ഓണക്കാലത്ത് പ്രത്യേക അരിയും സൗജന്യ ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്യുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
3. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾ: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഗതാഗത കമ്മീഷണർ
ഡ്രൈവിംഗ് ടെസ്റ്റുകൾ മാസങ്ങളോളം വൈകുന്ന പരാതികൾ പരിഹരിക്കുന്നതിനായി ഗതാഗത കമ്മീഷണർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ടെസ്റ്റുകളും ലേണേഴ്സ് പരീക്ഷകളും നിർബന്ധമായും നടത്തിയിരിക്കണം. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിദിനം 50 ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തണം. പുതിയ ലേണേഴ്സിന് മൂന്ന് ദിവസത്തിനകവും ഡ്രൈവിംഗ് ടെസ്റ്റിന് 30 ദിവസത്തിനകവും അവസരം ഒരുക്കണം. പരാജയപ്പെട്ടാൽ എട്ടാം ദിവസം തന്നെ റീ-ടെസ്റ്റിനുള്ള സൗകര്യം ഉണ്ടാക്കണമെന്നും നിർദ്ദേശമുണ്ട്.
4. ഗ്യാസ് ബുക്കിംഗ് രീതികളിൽ വലിയ മാറ്റം; സിലിണ്ടർ സുരക്ഷാ പരിശോധന കർശനമാക്കി
ഗ്യാസ് ബുക്കിംഗ് സമയപരിധിയിൽ പുതിയ മാറ്റങ്ങൾ വന്നു. അടുത്ത സിലിണ്ടറിനായി മുൻപ് 45 ദിവസം കാത്തിരിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇനി 25 ദിവസം കഴിയുമ്പോൾ തന്നെ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കും. സിലിണ്ടറിന്റെ മുകൾഭാഗത്ത് നൽകിയിരിക്കുന്ന ടെസ്റ്റിംഗ് ഡ്യൂഡ് ഡേറ്റ് (Testing Due Date) കൃത്യമായി പരിശോധിക്കേണ്ടതാണ്. അഞ്ച് വർഷത്തിൽ ഒരിക്കൽ ഗ്യാസ് ഏജൻസി ജീവനക്കാർ വീടുകളിലെത്തി നടത്തുന്ന സുരക്ഷാ പരിശോധനയ്ക്ക് ജി.എസ്.ടി ഉൾപ്പെടെ 236 രൂപ ഫീസ് നൽകേണ്ടതാണെന്നും, ഇൻഷുറൻസ് ക്ലെയിമുകൾക്ക് ഈ സർട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
5. ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു; 8 ലക്ഷം പേർക്ക് എൻ.എസ്.എപ് (NSAP) വഴി പ്രത്യേക തുക
സംസ്ഥാനത്തെ ക്യാൻസർ, വൃക്ക രോഗികൾക്കുള്ള പ്രതിമാസ ധനസഹായം 1000 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തിയത് രോഗികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ജൂലൈ മാസത്തെ 2000 രൂപയുടെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ ആരംഭിച്ചു. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള വിതരണത്തിലെ ചെറിയ കാലതാമസം ഒഴിവാക്കാൻ തിങ്കളാഴ്ച മുതൽ തന്നെ പണം ലഭ്യമായി തുടങ്ങും. നേരിട്ട് പെൻഷൻ കൈപ്പറ്റുന്നവർക്ക് ചൊവ്വാഴ്ച മുതൽ ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി പെൻഷൻ വിതരണം ചെയ്യുന്നതാണ്. നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം (NSAP) വഴി കേന്ദ്ര വിഹിതം ലഭിക്കുന്ന 8 ലക്ഷത്തോളം ആളുകളുടെ പെൻഷൻ തുകയിലെ കുറവ് പരിഹരിക്കാൻ സംസ്ഥാന സർക്കാർ 23 കോടി രൂപ മുൻകൂറായി അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ പെൻഷൻ കൂടി ചേർത്ത് 4000 രൂപ വരെ ഒന്നിച്ച് ലഭിക്കാൻ സാധ്യതയുണ്ട്.
6. സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നലെ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയില്ല. കഴിഞ്ഞ ദിവസത്തെ നിരക്കിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. 2026 ജൂലൈ 26 ഞായർ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന് 1,06,280 രൂപയിലും, ഒരു ഗ്രാം സ്വർണ്ണത്തിന് 13,285 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
#GovernmentUpdates #PublicInformation #LatestUpdates #NewsAlert #KeralaUpdates #SocialHighlightHotNewsKollam #SHHotNewsKollam

Comments
Post a Comment