സെൻട്രൽ കെവൈസി (CKYC 2.0) റെവല്യൂഷൻ: ഇനി ബാങ്കുകളിലും മ്യൂച്വൽ ഫണ്ടുകളിലും ആവർത്തിച്ചുള്ള രേഖകൾ നൽകേണ്ടതില്ല!
ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങുമ്പോഴും പുതിയ ഇൻഷുറൻസ് എടുക്കുമ്പോഴും മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുമ്പോഴും ആധാരും പാനും വിലാസവും തെളിയിക്കുന്ന രേഖകളും നൽകി മടുത്തവർക്ക് ആശ്വാസമായി സാമ്പത്തിക രംഗത്ത് വലിയൊരു വിപ്ലവകരമായ മാറ്റം വരികയാണ്. സെൻട്രൽ കെവൈസി റെക്കോർഡ്സ് രജിസ്ട്രി (CKYC) കൂടുതൽ വേഗതയേറിയതും സുരക്ഷിതവുമായ ഒരു ഏകീകൃത ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. പുതിയ സംവിധാനം വരുന്നതോടെ ഉപഭോക്താക്കൾക്ക് വലിയൊരു തലവേദനയാണ് ഇല്ലാതാകുന്നത്.
എന്താണ് സെൻട്രൽ കെവൈസി 2.0?
ഒറ്റ തവണ കെവൈസി: ഇനി ഏതെങ്കിലും ഒരു സ്ഥാപനത്തിൽ വെച്ച് ഒരു തവണ കെവൈസി പൂർത്തിയാക്കിയാൽ ആ വിവരങ്ങൾ മറ്റ് എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാനായി സാധിക്കുന്ന അന്തരീക്ഷം ഒരുങ്ങുകയാണ്.
സുരക്ഷിതമായ ഡാറ്റാബേസ്: വിവരങ്ങളൊക്കെ തന്നെ അതീവ സുരക്ഷിതമായ ഒറ്റ ഡിജിറ്റൽ ഡാറ്റാബേസിൽ ഭദ്രമായിരിക്കും. ബാങ്കുകൾ, മ്യൂച്വൽ ഫണ്ട് കമ്പനികൾ, ഇൻഷുറൻസ് ഏജൻസികൾ, സ്റ്റോക്ക് ബ്രോക്കർമാർ തുടങ്ങിയ എല്ലാവർക്കും ആവശ്യമുണ്ടെങ്കിൽ ഈ ഡാറ്റ പരിശോധിക്കാൻ സാധിക്കും.
14 അക്ക ഐഡന്റിഫിക്കേഷൻ നമ്പർ: പുതിയ രജിസ്ട്രേഷൻ കൃത്യമായി പൂർത്തിയാക്കുമ്പോൾ ഉപഭോക്താവിന് 14 അക്കമുള്ള ഒരു പ്രത്യേക സെൻട്രൽ കെവൈസി ഐഡന്റിഫിക്കേഷൻ നമ്പർ (CKYC ID) ലഭിക്കും. ഈ നമ്പർ ഉണ്ടെങ്കിൽ ഭാവിയിലെ എല്ലാ സാമ്പത്തിക ഇടപാടുകളും വളരെ എളുപ്പമായിട്ട് മാറുന്നതായിരിക്കും.
പ്രധാന മാറ്റങ്ങളും പ്രയോജനങ്ങളും
നിലവിൽ നമ്മൾ ഓരോ ആവശ്യത്തിനും പ്രത്യേകം പ്രത്യേകം രേഖകൾ നൽകേണ്ട സ്ഥാനത്ത്, ഈ പുതിയ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതോടെ ഉപഭോക്താവിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാകുന്നു.
മുൻപ് നൽകിയിരുന്ന സ്കാൻ ചെയ്ത PDF രേഖകൾക്ക് പകരം സുരക്ഷിതമായ റിയൽ ടൈം ഡിജിറ്റൽ ഡാറ്റ വഴിയായിരിക്കും ഇനി വിവരങ്ങളെല്ലാം അപ്ഡേറ്റ് ചെയ്യപ്പെടുന്നത്.
നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പല സിസ്റ്റങ്ങളിൽ വ്യത്യസ്ത കെവൈസി വിവരങ്ങൾ വരുന്നത് പൂർണ്ണമായിട്ടും തടയുകയും ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ബാങ്കിലോ മ്യൂച്വൽ ഫണ്ടിലോ ഒരിക്കൽ രജിസ്റ്റർ ചെയ്താൽ പിന്നീട് വീണ്ടും വീണ്ടും രേഖകൾ സമർപ്പിക്കേണ്ടി വരില്ല.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടും ആധാറും നിലവിലുള്ള മൊബൈൽ നമ്പറും കൃത്യമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ സി.കെ.വൈ.സി അപ്ഡേഷനായി ബാങ്കിൽ പോകേണ്ട യാതൊരു ആവശ്യവുമില്ല. വീട്ടിരുന്ന് തന്നെ മൊബൈലിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ഇത് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ
ഒടിപി സുരക്ഷ: ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപനം നിങ്ങളുടെ സി.കെ.വൈ.സി വിവരങ്ങൾ പരിശോധിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഒരു ഒടിപി വരികയും, അത് നിങ്ങൾ നൽകിയാൽ മാത്രം അവർക്ക് വിവരങ്ങൾ ലഭ്യമാവുകയും ചെയ്യുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
വ്യാജ ലിങ്കുകൾ സൂക്ഷിക്കുക: അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന എസ്എംഎസുകളോ വാട്സാപ്പ് ലിങ്കുകളോ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ബാങ്കിന്റെ ഔദ്യോഗിക ആപ്പ്, വെബ്സൈറ്റ് അല്ലെങ്കിൽ നേരിട്ടുള്ള ശാഖ വഴി മാത്രം ഈ നടപടികൾ പൂർത്തിയാക്കുക.
ഒരേ നമ്പർ നൽകുക: ഒടിപി കൃത്യമായി ലഭിക്കുന്നതിന് നിങ്ങളുടെ ആധാറിലും ബാങ്ക് അക്കൗണ്ടിലും ഒരേ നമ്പർ തന്നെ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
#CentralKYC #CKYC2 #KYCUpdate #FinancialNews #BankingUpdates #MutualFunds #IndianEconomy #SocialHighlightHotNews

Comments
Post a Comment